നിക്ഷേപമെന്നാല്‍ ഓഹരി മാത്രമല്ല
Posted on: 23 Oct 2010
സന്ദീപ് സുധാകര്‍

ഓഹരി വിപണി ഉയരത്തില്‍ തുടരുമ്പോള്‍ നിക്ഷേപകര്‍ ലാഭമെടുക്കുന്നതിനെ സംബന്ധിച്ച് ചിന്തിക്കുക സ്വാഭാവികം. എന്നാല്‍, ലാഭമെടുക്കുന്ന അവസരത്തില്‍ മറ്റ് മാര്‍ഗങ്ങളിലേക്ക് കൂടി നിക്ഷേപം വ്യാപിപ്പിക്കാനായിരിക്കണം നിക്ഷേപകന്‍ ശ്രമിക്കേണ്ടത്.
ഓഹരി വിപണി മാത്രമല്ല ഓഹരി ഇതര നിക്ഷേപമായ സ്വര്‍ണവും സര്‍വകാല ഉയരത്തിലാണ്. ഈ അവസരത്തില്‍ ഓഹരി വിപണിയില്‍ നിന്ന് ലാഭമെടുത്ത് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിലൂടെ നേട്ടമുണ്ടാക്കാം. നിക്ഷേപം വൈവിദ്യവത്ക്കരിക്കാനും ഇത് സഹായിക്കും. സ്വര്‍ണത്തിന് പുറമെ വെള്ളി, റിയല്‍ എസ്റ്റേറ്റ് ഇടിഎഫുകള്‍ എന്നിവയൊക്കെ നല്ല നിക്ഷേപ മാര്‍ഗങ്ങളാണ്. നിലവിലെ സാഹചര്യത്തില്‍ വിപണിയില്‍ നിന്ന് ലാഭമെടുത്ത് സ്വര്‍ണത്തിലും മറ്റും നിക്ഷേപിക്കുന്നത് അഭികാമ്യമാണെന്ന് നിക്ഷേപ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.
ഓഹരി ഇതര നിക്ഷേപ മാര്‍ഗങ്ങളുടെ ആസ്തി നിലവില്‍ 18,575 കോടി രൂപ വരും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇതില്‍ നൂറ് ശതമാനം വര്‍ധനയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ഓഹരി വിപണിയില്‍ നിലവില്‍ നിക്ഷേപമുള്ളവര്‍ക്കും പുതിയ നിക്ഷേപ മേഖല തേടുന്നവര്‍ക്കും ഇത്തരം നിക്ഷേപമാര്‍ഗങ്ങള്‍ അനുയോജ്യമായിരിക്കും. ഓഹരി ഇതര നിക്ഷേപമാര്‍ഗങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ
സ്വര്‍ണം 
ആഗോള സാമ്പത്തിക രംഗത്ത് തുടരുന്ന അനിശ്ചിതത്വവും ഡോളറിന്റെ വിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും കാരണം സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് നിലനില്‍ക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോള വിപണിയില്‍ അടുത്ത മാസങ്ങളില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1400 ഡോളര്‍ നിരക്കിലെത്തിയേക്കുമെന്നും ഇവര്‍ നിരീക്ഷിക്കുന്നു.
എന്നാല്‍, ഒരുപാട് തുക ഒറ്റ തവണ നിക്ഷേപിക്കുന്നതിനു പകരം വിലയിലെ തിരുത്തല്‍ അടിസ്ഥാനമാക്കി ഘട്ടം ഘട്ടമായുള്ള നിക്ഷേപമായിരിക്കും ഉചിതം. നിക്ഷേപകന്റെ പോര്‍ട്ട്‌ഫോളിയോയില്‍ അഞ്ച് ശതമാനത്തോളം നിക്ഷേപം സ്വര്‍ണത്തിലാവാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സ്വര്‍ണ ഇടിഎഫുകളിലും(എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും) വെള്ളി ഇടിഎഫുകളിലും നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയമാണിതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍
ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനികളിലാണ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ നിക്ഷേപം നടത്തുക. കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ച ഉടന്‍ തന്നെ നിക്ഷേപിക്കുകയാണ് നല്ലത്. പുതിയ കമ്പനികളാവുമ്പോള്‍ മൂല്യം കുറവായിരിക്കും. പ്രവര്‍ത്തനം മെച്ചപ്പെടുന്ന മുറയ്ക്ക് മികച്ച റിട്ടേണ്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഇതിന് ചുരുങ്ങിയത് അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ എടുത്തേയ്ക്കുമെന്ന് ഓര്‍ക്കണം. കമ്പനിയുടെ പ്രകടനത്തിന് അനുസരിച്ചായിരിക്കും റിട്ടേണ്‍. നഷ്ട സാധ്യതയും കുറവല്ല. ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം നിക്ഷേപിക്കുന്ന സെക്ടറല്‍ ഫണ്ടുകളും വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിക്ഷേപിക്കുന്ന ഡൈവേഴ്‌സിഫൈഡ് ഫണ്ടുകളും ലഭ്യമാണ്. കൈസണ്‍ എഡ്യുക്കേഷന്‍ ഫണ്ട്, ഏഷ്യന്‍ ഹെല്‍ത്ത് കെയര്‍ ഫണ്ട്. ടാറ്റാ ക്യാപിറ്റല്‍ ഹെല്‍ത്ത് കെയര്‍ ഫണ്ട് എന്നിവ ഉദാഹരണങ്ങള്‍.
റിയല്‍ എസ്റ്റേറ്റ്് ഫണ്ടുകള്‍ 
ഇന്ത്യയില്‍ വളരെയേറെ വളര്‍ച്ചയുള്ള മറ്റൊരു മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. സ്ഥലത്തിന് വില കൂടുമ്പോള്‍ വില്‍ക്കുന്നത് വഴിയും വാടക ഇനത്തിലുമാണ് റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകന് ആദായം ലഭിക്കുക. റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ക്ക് വില ഉയര്‍ന്നേക്കുമെന്നതിനാല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് വഴി നേട്ടമുണ്ടാക്കാവുന്നതാണ്. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വ്യാവസായിക ആസ്തികളിലും ഗാര്‍ഹിക ആസ്തികളിലുമുള്ള നിക്ഷേപമാവും ഉചിതം. മാന്ദ്യത്തിന്റെ പിടിയിലമര്‍ന്ന മേഖല ശക്തമായ തിരിച്ചുവരവ് നടത്താന്‍ തുടങ്ങിയത് റിയല്‍ എസ്റ്റേറ്റ് നിക്ഷേപം തിളക്കമാര്‍ന്നതാക്കും. ഇന്ത്യയില്‍ മൊത്തം 6750 കോടി രൂപയുടെ ആസ്തിയാണ് റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.
കാര്‍ഷിക ഇടിഎഫുകള്‍
ജനങ്ങളുടെ വരുമാനം ഉയരുന്നത് ഭക്ഷ്യ ഉപഭോഗം വര്‍ധിപ്പിക്കും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ രാജ്യത്ത് ഇപ്പോള്‍ വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഈ രംഗത്ത് മികച്ച വളര്‍ച്ചാ സാധ്യതയാണ് കാണുന്നത്. കാര്‍ഷിക മേഖലയിലെ ഫണ്ടുകളും അതുകൊണ്ടു തന്നെ നിക്ഷേപ പോര്‍ട്ട്്‌ഫോളിയോയില്‍ ചേര്‍ക്കാവുന്നതാണ്. മാന്യമായ റിട്ടേണ്‍ ഇതില്‍ നിന്ന് പ്രതീക്ഷിക്കാം.
No comments:
Post a Comment