മ്യൂച്വല്‍ ഫണ്ട് എവിടെ നിന്ന് വാങ്ങാം?
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിനുവേണ്ട ആവശ്യമായ രേഖകള്‍ എന്തൊക്കയാണെന്ന് നാം കണ്ടു. രേഖകള്‍ എല്ലാം ശരിയായതോടെ നിക്ഷേപം നടത്താന്‍ തടസ്സമില്ലാതായി. അടുത്ത പടി എങ്ങനെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താം എന്നതാണ്. നിക്ഷേപത്തിന് നിരവധി മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.
1. ഏജന്റ് വഴി
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുവാന്‍ ഏറ്റവും പഴയതും സൗകര്യപ്രദവുമായ വഴിയാണിത്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കണമെന്ന് തോന്നുമ്പോള്‍ എജന്റിനെ വിളിക്കുക. അവര്‍ എത്തും. അപേക്ഷ ഫോറം പൂരിപ്പിച്ചു തരും. നിക്ഷേപകന്‍ ചെയ്യേണ്ടത് ആവശ്യമായ സ്ഥലങ്ങളില്‍ ഒപ്പിടുക മാത്രം. എന്‍ട്രി ലോഡ് എടുത്തു കളഞ്ഞതോടെ ഏജന്റുമാര്‍ക്ക് നല്കുന്ന സേവനത്തിന് കമ്മീഷന്‍ നല്‍കേണ്ടതായി വരും. 1-2 ശതമാനമാണ് അവര്‍ ഈടാക്കുക. ഫോം പൂരിപ്പിക്കുന്നതിനും അത് ഓഫീസില്‍ എത്തിക്കുന്നതിനും മറ്റും ഒരു ശതമാനം ചാര്‍ജ് ധാരാളമാണ്. എന്നാല്‍ ഏതു മ്യൂച്വല്‍ ഫണ്ട് വാങ്ങണം, എങ്ങനെ നിക്ഷേപകന്റെ ധനകാര്യ ലക്ഷ്യം നേടാം തുടങ്ങിയ കാര്യങ്ങളില്‍ ഏജന്റ് ഉപദേശം നല്‍കിയാല്‍ കൂടുതല്‍ തുക ഫീസായി നല്‍കേണ്ടതായി വരും.
വ്യക്തിഗത ഏജന്റുമാര്‍ക്കു പുറമേ കോര്‍പറേറ്റ് എജന്റുമാരുമുണ്ട്. ബാങ്കുകളും ധനകാര്യസേവന കമ്പനികളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും മ്യൂച്വല്‍ ഫണ്ട് വില്‍പനയ്ക്ക് ഏജന്‍സി എടുത്തിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എസ്.ബി.ടി തുടങ്ങി നിരവധി ബാങ്കുകള്‍ വിവിധ മ്യൂച്വല്‍ ഫണ്ടുകള്‍ വില്‍ക്കുന്നുണ്ട്.
ഏജന്റുമാര്‍ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യ ( ആംഫി) യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. വ്യക്തികളായാലും കമ്പനിയായാലും മ്യൂച്വല്‍ ഫണ്ട് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ആംഫി രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
2. മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ വഴി
അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ ( മ്യൂച്വല്‍ ഫണ്ട് നടത്തുന്ന കമ്പനികള്‍- ഉദാഹരണത്തിന് എച്ച് ഡി എഫ് സി മ്യൂച്വല്‍ ഫണ്ട്, റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ...) വഴി നേരിട്ട് നിക്ഷേപം നടത്താം. ഇതിന് ഒരിക്കലെങ്കിലും ഇവരുടെ ഓഫീസില്‍ പോകേണ്ടതായി വരും. അപേക്ഷകള്‍ പൂരിപ്പിച്ചു നല്‍കണം. തുടര്‍ന്ന് ഓണ്‍ലൈനായി നിക്ഷേപം നടത്താം. ഇപ്പോള്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ എല്ലാ മ്യൂച്വല്‍ ഫണ്ടുകളും തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി കമ്മീഷന്‍ ലാഭിക്കുവാന്‍ സാധിക്കും. നിക്ഷേപിക്കാനുദ്ദേശിക്കുന്ന മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ പുറത്തിറക്കിയിട്ടുളള കമ്പനികളുടെയെല്ലാം ഓഫീസുകളില്‍ പോകേണ്ടതായി വരും. ഇപ്പോള്‍ മിക്ക പട്ടണങ്ങളിലും എല്ലാ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്കുംതന്നെ ഓഫീസുകളുണ്ട്.
3. ഡീമാറ്റ് അക്കൗണ്ട് വഴി
ഏറ്റവും സൗകര്യപ്രദമായ നിക്ഷേപ രീതികളിലൊന്നാണിത്. നിക്ഷേപകന് ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ എല്ലാ മ്യൂച്വല്‍ ഫണ്ട് കമ്പനികളുടേയും പദ്ധതികള്‍ പരിശോധിക്കുവാനും ഇഷ്ടമുള്ളതില്‍ നിക്ഷേപം നടത്തുവാനും സാധിക്കും. ഇതിന് കമ്പ്യൂട്ടര്‍ മൗസില്‍ ഏതാനും ക്ലിക്കുകള്‍ മതിയാകും. ഇവിടെയും നിക്ഷേപകന്‍ കമ്മീഷന്‍ നല്‍കണം.
രാജ്യത്തെ പ്രമുഖ ഷെയര്‍ ബ്രോക്കിങ് കമ്പനികള്‍ വഴി ഇത്തരത്തില്‍ ഡീമാറ്റ് അക്കൗണ്ട് തുറന്ന് മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ നിക്ഷേപം നടത്താം. പല ബാങ്കുകളും ഈ സൗകര്യമൊരുക്കിയിട്ടുണ്ട്. ബ്രോക്കറേജ് ഓരോ കമ്പനികള്‍ക്കും വ്യത്യസ്തമായിരിക്കും. ജിയോജിത് ബി.എന്‍.പി പാരിബ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്ത്യന്‍ ബുള്‍സ്, മോത്തിലാല്‍ ഓസ്വാള്‍, 5 പൈസ, ഷേര്‍ഖാന്‍ ഐ.സി.ഐ.സി.ഐ ഡയറക്ട്, കൊട്ടക് സ്ട്രീറ്റ്, ജെ.ആര്‍.ജി സെക്യൂരിറ്റീസ് തുടങ്ങി നിരവധി കമ്പനികള്‍ ഇത്തരം സേവനം ഓണ്‍ലൈനായും നല്‍കി വരുന്നു.
ഈ രീതിയുടെ ഏറ്റവും ഗുണമെന്നത് ഡീമാറ്റ് അക്കൗണ്ട് വഴി മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യാം എന്നതാണ്. ഒരു സ്ഥലത്തുനിന്ന് മ്യൂച്വല്‍ ഫണ്ട് വ്യപാരത്തിനു പുറമേ ഓഹരി, കമോഡിറ്റി തുടങ്ങി എല്ലാ വ്യപാരങ്ങളും നടത്താന്‍ സാധിക്കും. ഇലക്‌ട്രോണിക് ആയതിനാല്‍ വില്‍ക്കാനും വാങ്ങുവാനും എളുപ്പമാണ് താനും.
4. വെബ് പോര്‍ട്ടലുകള്‍ വഴി
മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ വാങ്ങുവാനും വില്‍ക്കുവാനും സഹായിക്കുന്ന വെബ് പോര്‍ട്ടലുകളും ഇപ്പോള്‍ ലഭ്യമാണ്. ഇതിനായി അവരുടെ പക്കല്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്താല്‍ മാത്രം മതി. ചാര്‍ജും നല്‍കേണ്ടതില്ല. അവര്‍ക്കുളള ചാര്‍ജുകള്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ നല്‍കിക്കൊളളും. ഫണ്ട്‌സ് ഇന്ത്യ, ഫണ്ട്‌സ് സൂപ്പര്‍മാര്‍ട്ട് തുടങ്ങിയവ ഇത്തരത്തിലുളള വെബ് പോര്‍ട്ടലുകളാണ്.
5. മറ്റ് വഴികള്‍
കമ്പ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ് (കാംസ്) , കാര്‍വി തുടങ്ങിയ കമ്പനികള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗലോഡ് ചെയ്ത് പൂരിപ്പിച്ച് പാന്‍കാര്‍ഡ് കോപ്പി, ചെക്ക് തുടങ്ങിയവ സഹിതം ഇത്തരം കമ്പനികളുടെ ഓഫീസുകളില്‍ നല്‍കിയാല്‍ മതി. കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ കാംസിനും കാര്‍വിക്കും ഓഫീസുകളുണ്ട്.
No comments:
Post a Comment