Sunday, 1 May 2011

നിക്ഷേപിക്കാം ഇ-ഉത്പന്നങ്ങളില്‍

നിക്ഷേപിക്കാം ഇ-ഉത്പന്നങ്ങളില്‍

Posted on: 08 Jan 2011


ആര്‍.റോഷന്‍



ഓരോ മലയാളിയും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ നാളേക്ക് വേണ്ടി തന്റെ സമ്പാദ്യം കരുതി വയ്ക്കുന്നുണ്ട്. അത് ചിലപ്പോള്‍, സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, ഫിക്‌സഡ് ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ് പോലുള്ള ബാങ്ക് നിക്ഷേപങ്ങളിലൂടെയാവാം. അല്ലെങ്കില്‍ ഓഹരിയിലോ മ്യൂച്വല്‍ ഫണ്ടിലോ റിയല്‍ എസ്‌റ്റേറ്റിലോ സ്വര്‍ണത്തിലോ ഒക്കെയാവാം.

കാലം മാറി.... അതിനനുസരിച്ച് പുതിയ നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ രംഗപ്രവേശം ചെയ്യുകയാണ്. ഇലക്ട്രോണിക് യുഗത്തിലെ നിക്ഷേപമാവുമ്പോള്‍ അത് ഇലക്ട്രോണിക് രൂപത്തില്‍ തന്നെയാവണ്ടേ...?

അതേ, ഇ-നിക്ഷേപം വന്നെത്തിക്കഴിഞ്ഞു. ഉത്പന്ന തയ്യാര്‍ വ്യാപാര എക്‌സ്‌ചേഞ്ചായ നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് (എന്‍എസ്ഇഎല്‍) ആണ് ഇലക്ട്രോണിക് രൂപത്തിലുള്ള നിക്ഷേപങ്ങള്‍ സാധ്യമാക്കിയിരിക്കുന്നത്.

ഇ-സീരീസ് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ നിക്ഷേപ മാര്‍ഗ്ഗം ഉപയോഗിച്ച് സ്വര്‍ണത്തിലും വെള്ളിയിലുമൊക്കെ നിക്ഷേപിക്കാം. മറ്റൊരു ലോഹമായ ചെമ്പിലും (കോപ്പര്‍) എന്‍എസ്ഇഎല്‍ ഇ-സീരീസ് അവതരിപ്പിച്ചിട്ടുണ്ട്.

ചെറുനിക്ഷേപങ്ങള്‍ വരെ നടത്താം എന്നതാണ് ഇ-സീരീസിന്റെ പ്രത്യേകത. എപ്പോള്‍ വേണമെങ്കിലും വിറ്റു പണമാക്കാം. അതിനാല്‍ ലിക്വിഡിറ്റി വളരെ കൂടുതലാണ്. സുരക്ഷയാണ് മറ്റൊരു പ്രധാന മേന്മ. സ്വര്‍ണാഭരണങ്ങളോ നാണയങ്ങളോ കൈയ്യില്‍ വാങ്ങി സൂക്ഷിക്കുകയാണെങ്കില്‍ അത് മോഷണം പോകാനോ കണഞ്ഞുപോകാനോ ഉള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇ-സീരീസില്‍ നിക്ഷേപം നടത്തുമ്പോള്‍ ഇലക്ട്രോണിക് (ഡീമാറ്റ്) രൂപത്തിലാണ് നിക്ഷേപമെന്നതിനാല്‍ സ്വര്‍ണവും വെള്ളിയും ചെമ്പുമൊന്നും കൈയ്യില്‍ കൊണ്ടുനടക്കേണ്ടതില്ല. അതിനാല്‍ നഷ്ടപ്പെടുമെന്ന പേടി വേണ്ട. ഡീമാറ്റ് രൂപത്തില്‍ തന്നെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ആവശ്യമുണ്ടെങ്കില്‍ ഫിസിക്കല്‍ ഡെലിവറിയുമെടുക്കാം.

വിപണിയിലെ വില വ്യതിയാനങ്ങളുടെ ഗുണഫലം കിട്ടുകയും ചെയ്യും. ഇന്ത്യയില്‍ എവിടെയും ഒരേ വില തന്നെ. എവിടെയിരുന്നും വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. പ്രതിദിന കോണ്‍ട്രാക്ടിലാണ് വ്യാപാരം നടക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ (അവധി ദിവസങ്ങള്‍ ഒഴികെ) രാവിലെ 10 മുതല്‍ രാത്രി 11.30 വരെയാണ് ഇടപാട്.

ടി പ്ലസ് 2 സംവിധാനത്തിലാണ് സെറ്റില്‍മെന്റ്. അതായത് കൈവശമുള്ള ഇ-സീരീസ് വിറ്റ് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ നമ്മുടെ അക്കൗണ്ടില്‍ പണമെത്തും. വാങ്ങുന്നവരാണെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ പണം നല്‍കേണ്ടതുണ്ട്.

ആയിരം രൂപയില്‍ താഴെയുള്ള തുകയ്ക്ക് വരെ നിക്ഷേപം നടത്താമെന്നതാണ് ഇ-സീരീസിന്റെ പ്രത്യേകത. ഇ-കോപ്പറിന്റെ ഒരു ലോട്ടിന് 600 രൂപയില്‍ താഴെ മാത്രമാണ് വില. ഏതൊരു ചെറിയ നിക്ഷേപകനും ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താം.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് മാര്‍ഗ്ഗത്തിലും വേണമെങ്കില്‍ നിക്ഷേപം നടത്താം. അതായത് ഓരോരുത്തരുടെയും വരുമാനവും താത്പര്യവും അനുസരിച്ച് ഓരോ മാസവും ഒന്നോ രണ്ടോ ഗ്രാം ഇ-ഗോള്‍ഡ് വാങ്ങി വയ്ക്കാം. ഭാവിയിലേക്കുള്ള ആവശ്യം മുന്‍നിര്‍ത്തി ഇത് വാങ്ങാം. ആവശ്യം വരുമ്പോള്‍ ഒരുമിച്ച് വിറ്റ് കാശാക്കാം.

നിക്ഷേപം തുടങ്ങാന്‍

എന്‍എസ്ഇഎല്ലില്‍ അംഗത്വമെടുത്തിട്ടുള്ള ഏത് സ്റ്റോക്ക് ബ്രോക്കിങ്, കമോഡിറ്റി ബ്രോക്കിങ് സ്ഥാപനങ്ങളില്‍ നിന്നും ഇ-സീരീസിന്റെ ഇടപാട് നടത്താം. ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും തുടങ്ങി അവിടെ ക്ലയന്റായി ചേരണമെന്ന് മാത്രം.

കേരളം ആസ്ഥാനമായുള്ള കമ്പനികളില്‍ ഇ-സീരീസ് ഇടപാടിനായി എന്‍എസ്ഇഎല്ലില്‍ നിന്ന് അംഗത്വമെടുത്തിരിക്കുന്നവര്‍ ഇവയാണ്:
ജിയോജിത് കോംട്രേഡ്
ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ്
അക്യുമെന്‍
വെര്‍ട്ടെക്‌സ്
ഇവയുടെ ശാഖകളില്‍ ക്ലയന്റായി ചേര്‍ന്ന് ഇ-സീരീസില്‍ നിക്ഷേപം നടത്താവുന്നതാണ്.

ദേശീയ തലത്തില്‍ അമ്പതോളം സ്‌റ്റോക്ക് ബ്രോക്കിങ് / കമോഡിറ്റ് ബ്രോക്കിങ് സ്ഥാപനങ്ങള്‍ എന്‍എസ്ഇഎല്ലില്‍ അംഗങ്ങളാണ്.

മുംബൈ ആസ്ഥാനമായുള്ള നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ചി (എന്‍എസ്ഇഎല്‍)ന്റെ കേരളത്തിലെ ഓഫീസ് കൊച്ചിയിലാണ്. ഫോണ്‍: 0484-6576799


ഇ-ഗോള്‍ഡ്

സ്വര്‍ണത്തില്‍ ഡീമാറ്റ് രൂപത്തില്‍ നിക്ഷേപം നടത്താന്‍ അവസരമൊരുക്കുന്ന ഉത്പന്നമാണ് ഇ-ഗോള്‍ഡ്. ഇക്കഴിഞ്ഞ മാര്‍ച്ച് 17നാണ് എന്‍എസ്ഇഎല്‍ ഇത് അവതരിപ്പിച്ചത്. 995 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വര്‍ണമാണ് ഒരു യൂണിറ്റ്. പരമാവധി 10,000 യൂണിറ്റുകളുടെ വരെ ഇടപാട് നടത്താം. അഞ്ച് ശതമാനമാണ് മാര്‍ജിന്‍.

8, 10, 100 ഗ്രാം, അല്ലെങ്കില്‍ ഒരു കിലോ ആയി ഡെലിവറി എടുക്കാം. ഡെലിവറി ലഭിക്കുന്നത് 999 പരിശുദ്ധിയിലുള്ള തനിതങ്കമാണ്. അതിനാല്‍ നാമമാത്രമായ തുക പ്രീമിയം നല്‍കണം. കഴിഞ്ഞയാഴ്ചയിലെ വിലയനുസരിച്ച് 10 ഗ്രാമിന് 8.31 രൂപ മാത്രമാണ് സ്വര്‍ണം ഡെലിവറിയെടുക്കുമ്പോള്‍ (999ന്റെ പ്രീമിയം ഇനത്തില്‍) അധികം നല്‍കേണ്ടത്.

സ്വര്‍ണവില നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇ-ഗോള്‍ഡ് നല്ലൊരു നിക്ഷേപമാര്‍ഗ്ഗമാണ്. സ്വര്‍ണം ആഭരണമായോ നാണമായോ നേരിട്ട് വാങ്ങി വച്ച ശേഷം വില്‍ക്കുമ്പോള്‍, പണിക്കുറവും തേയ്മാനവുമൊക്കെ കഴിഞ്ഞ് പലപ്പോഴും വിപണി വില കിട്ടില്ല. എന്നാല്‍ ഇ-ഗോള്‍ഡിലെ നിക്ഷേപം സ്വര്‍ണത്തിലെ മൂല്യവര്‍ധന പൂര്‍ണമായും പ്രയോജനപ്രദമാക്കാന്‍ സഹായിക്കുന്നതാണ്.

ഇ-സില്‍വര്‍

സ്വര്‍ണവില പോലെ തന്നെ വെള്ളി വിലയും കുതിച്ചുയരുകയാണ്. ഇത് പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്ന നിക്ഷേപ മാര്‍ഗ്ഗമാണ് ഇ-സില്‍വര്‍. 999 പരിശുദ്ധിയുള്ള വെള്ളിയാണ് ഇ-സില്‍വറില്‍ വ്യാപാരം നടത്തുന്നത്. 100 ഗ്രാമാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി. തുടര്‍ന്ന് 100 ഗ്രാമിന്റെ ഗുണിതങ്ങളാവാം. പരമാവധി 50,000 യൂണിറ്റുകള്‍. 100 ഗ്രാം, ഒരു കിലോ, അഞ്ച് കിലോ എന്നിങ്ങനെ ഡെലിവറിയുമെടുക്കാം.

ഇ-കോപ്പര്‍

മഞ്ഞലോഹമായ സ്വര്‍ണത്തെപ്പോലെ നിക്ഷേപത്തിന് പറ്റിയ മറ്റൊരു ലോഹമാണ് ചെമ്പ്. ഒരു കിലോഗ്രാമാണ് കുറഞ്ഞ നിക്ഷേപ പരിധി. പരമാവധി 50,000 യൂണിറ്റുകള്‍ വാങ്ങാം. ഡീമാറ്റ് രൂപത്തില്‍ തന്നെയാണ് ഇതിന്റെയും ഇടപാട്. ഡീമാറ്റ് രൂപത്തില്‍ തന്നെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ആവശ്യമുണ്ടെങ്കില്‍ ഡെലിവറിയുമെടുക്കാം.

കൂടുതല്‍ ഉത്പന്നങ്ങള്‍

ഇ-സീരീസില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനിരിക്കുകയാണ് എന്‍എസ്ഇഎല്‍. കൂടുതല്‍ ലോഹങ്ങളും കുരുമുളക് ഉള്‍പ്പെടെയുള്ള ഏതാനും കാര്‍ഷിക ഉത്പന്നങ്ങളും അവതരിപ്പിക്കാനാണ് പരിപാടി.

നിക്ഷേപമെന്നാല്‍ ഓഹരി മാത്രമല്ല

നിക്ഷേപമെന്നാല്‍ ഓഹരി മാത്രമല്ല

Posted on: 23 Oct 2010


സന്ദീപ് സുധാകര്‍



ഓഹരി വിപണി ഉയരത്തില്‍ തുടരുമ്പോള്‍ നിക്ഷേപകര്‍ ലാഭമെടുക്കുന്നതിനെ സംബന്ധിച്ച് ചിന്തിക്കുക സ്വാഭാവികം. എന്നാല്‍, ലാഭമെടുക്കുന്ന അവസരത്തില്‍ മറ്റ് മാര്‍ഗങ്ങളിലേക്ക് കൂടി നിക്ഷേപം വ്യാപിപ്പിക്കാനായിരിക്കണം നിക്ഷേപകന്‍ ശ്രമിക്കേണ്ടത്.

ഓഹരി വിപണി മാത്രമല്ല ഓഹരി ഇതര നിക്ഷേപമായ സ്വര്‍ണവും സര്‍വകാല ഉയരത്തിലാണ്. ഈ അവസരത്തില്‍ ഓഹരി വിപണിയില്‍ നിന്ന് ലാഭമെടുത്ത് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിലൂടെ നേട്ടമുണ്ടാക്കാം. നിക്ഷേപം വൈവിദ്യവത്ക്കരിക്കാനും ഇത് സഹായിക്കും. സ്വര്‍ണത്തിന് പുറമെ വെള്ളി, റിയല്‍ എസ്റ്റേറ്റ് ഇടിഎഫുകള്‍ എന്നിവയൊക്കെ നല്ല നിക്ഷേപ മാര്‍ഗങ്ങളാണ്. നിലവിലെ സാഹചര്യത്തില്‍ വിപണിയില്‍ നിന്ന് ലാഭമെടുത്ത് സ്വര്‍ണത്തിലും മറ്റും നിക്ഷേപിക്കുന്നത് അഭികാമ്യമാണെന്ന് നിക്ഷേപ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.

ഓഹരി ഇതര നിക്ഷേപ മാര്‍ഗങ്ങളുടെ ആസ്തി നിലവില്‍ 18,575 കോടി രൂപ വരും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇതില്‍ നൂറ് ശതമാനം വര്‍ധനയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ഓഹരി വിപണിയില്‍ നിലവില്‍ നിക്ഷേപമുള്ളവര്‍ക്കും പുതിയ നിക്ഷേപ മേഖല തേടുന്നവര്‍ക്കും ഇത്തരം നിക്ഷേപമാര്‍ഗങ്ങള്‍ അനുയോജ്യമായിരിക്കും. ഓഹരി ഇതര നിക്ഷേപമാര്‍ഗങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ

സ്വര്‍ണം

ആഗോള സാമ്പത്തിക രംഗത്ത് തുടരുന്ന അനിശ്ചിതത്വവും ഡോളറിന്റെ വിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും കാരണം സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് നിലനില്‍ക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോള വിപണിയില്‍ അടുത്ത മാസങ്ങളില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1400 ഡോളര്‍ നിരക്കിലെത്തിയേക്കുമെന്നും ഇവര്‍ നിരീക്ഷിക്കുന്നു.

എന്നാല്‍, ഒരുപാട് തുക ഒറ്റ തവണ നിക്ഷേപിക്കുന്നതിനു പകരം വിലയിലെ തിരുത്തല്‍ അടിസ്ഥാനമാക്കി ഘട്ടം ഘട്ടമായുള്ള നിക്ഷേപമായിരിക്കും ഉചിതം. നിക്ഷേപകന്റെ പോര്‍ട്ട്‌ഫോളിയോയില്‍ അഞ്ച് ശതമാനത്തോളം നിക്ഷേപം സ്വര്‍ണത്തിലാവാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്വര്‍ണ ഇടിഎഫുകളിലും(എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും) വെള്ളി ഇടിഎഫുകളിലും നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയമാണിതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍

ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനികളിലാണ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ നിക്ഷേപം നടത്തുക. കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ച ഉടന്‍ തന്നെ നിക്ഷേപിക്കുകയാണ് നല്ലത്. പുതിയ കമ്പനികളാവുമ്പോള്‍ മൂല്യം കുറവായിരിക്കും. പ്രവര്‍ത്തനം മെച്ചപ്പെടുന്ന മുറയ്ക്ക് മികച്ച റിട്ടേണ്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഇതിന് ചുരുങ്ങിയത് അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ എടുത്തേയ്ക്കുമെന്ന് ഓര്‍ക്കണം. കമ്പനിയുടെ പ്രകടനത്തിന് അനുസരിച്ചായിരിക്കും റിട്ടേണ്‍. നഷ്ട സാധ്യതയും കുറവല്ല. ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം നിക്ഷേപിക്കുന്ന സെക്ടറല്‍ ഫണ്ടുകളും വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിക്ഷേപിക്കുന്ന ഡൈവേഴ്‌സിഫൈഡ് ഫണ്ടുകളും ലഭ്യമാണ്. കൈസണ്‍ എഡ്യുക്കേഷന്‍ ഫണ്ട്, ഏഷ്യന്‍ ഹെല്‍ത്ത് കെയര്‍ ഫണ്ട്. ടാറ്റാ ക്യാപിറ്റല്‍ ഹെല്‍ത്ത് കെയര്‍ ഫണ്ട് എന്നിവ ഉദാഹരണങ്ങള്‍.

റിയല്‍ എസ്റ്റേറ്റ്് ഫണ്ടുകള്‍

ഇന്ത്യയില്‍ വളരെയേറെ വളര്‍ച്ചയുള്ള മറ്റൊരു മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. സ്ഥലത്തിന് വില കൂടുമ്പോള്‍ വില്‍ക്കുന്നത് വഴിയും വാടക ഇനത്തിലുമാണ് റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകന് ആദായം ലഭിക്കുക. റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ക്ക് വില ഉയര്‍ന്നേക്കുമെന്നതിനാല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് വഴി നേട്ടമുണ്ടാക്കാവുന്നതാണ്. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വ്യാവസായിക ആസ്തികളിലും ഗാര്‍ഹിക ആസ്തികളിലുമുള്ള നിക്ഷേപമാവും ഉചിതം. മാന്ദ്യത്തിന്റെ പിടിയിലമര്‍ന്ന മേഖല ശക്തമായ തിരിച്ചുവരവ് നടത്താന്‍ തുടങ്ങിയത് റിയല്‍ എസ്റ്റേറ്റ് നിക്ഷേപം തിളക്കമാര്‍ന്നതാക്കും. ഇന്ത്യയില്‍ മൊത്തം 6750 കോടി രൂപയുടെ ആസ്തിയാണ് റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.

കാര്‍ഷിക ഇടിഎഫുകള്‍

ജനങ്ങളുടെ വരുമാനം ഉയരുന്നത് ഭക്ഷ്യ ഉപഭോഗം വര്‍ധിപ്പിക്കും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ രാജ്യത്ത് ഇപ്പോള്‍ വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഈ രംഗത്ത് മികച്ച വളര്‍ച്ചാ സാധ്യതയാണ് കാണുന്നത്. കാര്‍ഷിക മേഖലയിലെ ഫണ്ടുകളും അതുകൊണ്ടു തന്നെ നിക്ഷേപ പോര്‍ട്ട്്‌ഫോളിയോയില്‍ ചേര്‍ക്കാവുന്നതാണ്. മാന്യമായ റിട്ടേണ്‍ ഇതില്‍ നിന്ന് പ്രതീക്ഷിക്കാം.

Tuesday, 26 April 2011

മ്യൂച്വല്‍ ഫണ്ട്

മ്യൂച്വല്‍ ഫണ്ട് എവിടെ നിന്ന് വാങ്ങാം?




മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിനുവേണ്ട ആവശ്യമായ രേഖകള്‍ എന്തൊക്കയാണെന്ന് നാം കണ്ടു. രേഖകള്‍ എല്ലാം ശരിയായതോടെ നിക്ഷേപം നടത്താന്‍ തടസ്സമില്ലാതായി. അടുത്ത പടി എങ്ങനെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താം എന്നതാണ്. നിക്ഷേപത്തിന് നിരവധി മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.

1. ഏജന്റ് വഴി
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുവാന്‍ ഏറ്റവും പഴയതും സൗകര്യപ്രദവുമായ വഴിയാണിത്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കണമെന്ന് തോന്നുമ്പോള്‍ എജന്റിനെ വിളിക്കുക. അവര്‍ എത്തും. അപേക്ഷ ഫോറം പൂരിപ്പിച്ചു തരും. നിക്ഷേപകന്‍ ചെയ്യേണ്ടത് ആവശ്യമായ സ്ഥലങ്ങളില്‍ ഒപ്പിടുക മാത്രം. എന്‍ട്രി ലോഡ് എടുത്തു കളഞ്ഞതോടെ ഏജന്റുമാര്‍ക്ക് നല്കുന്ന സേവനത്തിന് കമ്മീഷന്‍ നല്‍കേണ്ടതായി വരും. 1-2 ശതമാനമാണ് അവര്‍ ഈടാക്കുക. ഫോം പൂരിപ്പിക്കുന്നതിനും അത് ഓഫീസില്‍ എത്തിക്കുന്നതിനും മറ്റും ഒരു ശതമാനം ചാര്‍ജ് ധാരാളമാണ്. എന്നാല്‍ ഏതു മ്യൂച്വല്‍ ഫണ്ട് വാങ്ങണം, എങ്ങനെ നിക്ഷേപകന്റെ ധനകാര്യ ലക്ഷ്യം നേടാം തുടങ്ങിയ കാര്യങ്ങളില്‍ ഏജന്റ് ഉപദേശം നല്‍കിയാല്‍ കൂടുതല്‍ തുക ഫീസായി നല്‍കേണ്ടതായി വരും.
വ്യക്തിഗത ഏജന്റുമാര്‍ക്കു പുറമേ കോര്‍പറേറ്റ് എജന്റുമാരുമുണ്ട്. ബാങ്കുകളും ധനകാര്യസേവന കമ്പനികളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും മ്യൂച്വല്‍ ഫണ്ട് വില്‍പനയ്ക്ക് ഏജന്‍സി എടുത്തിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എസ്.ബി.ടി തുടങ്ങി നിരവധി ബാങ്കുകള്‍ വിവിധ മ്യൂച്വല്‍ ഫണ്ടുകള്‍ വില്‍ക്കുന്നുണ്ട്.

ഏജന്റുമാര്‍ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യ ( ആംഫി) യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. വ്യക്തികളായാലും കമ്പനിയായാലും മ്യൂച്വല്‍ ഫണ്ട് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ആംഫി രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.

2. മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ വഴി
അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ ( മ്യൂച്വല്‍ ഫണ്ട് നടത്തുന്ന കമ്പനികള്‍- ഉദാഹരണത്തിന് എച്ച് ഡി എഫ് സി മ്യൂച്വല്‍ ഫണ്ട്, റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ...) വഴി നേരിട്ട് നിക്ഷേപം നടത്താം. ഇതിന് ഒരിക്കലെങ്കിലും ഇവരുടെ ഓഫീസില്‍ പോകേണ്ടതായി വരും. അപേക്ഷകള്‍ പൂരിപ്പിച്ചു നല്‍കണം. തുടര്‍ന്ന് ഓണ്‍ലൈനായി നിക്ഷേപം നടത്താം. ഇപ്പോള്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ എല്ലാ മ്യൂച്വല്‍ ഫണ്ടുകളും തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി കമ്മീഷന്‍ ലാഭിക്കുവാന്‍ സാധിക്കും. നിക്ഷേപിക്കാനുദ്ദേശിക്കുന്ന മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ പുറത്തിറക്കിയിട്ടുളള കമ്പനികളുടെയെല്ലാം ഓഫീസുകളില്‍ പോകേണ്ടതായി വരും. ഇപ്പോള്‍ മിക്ക പട്ടണങ്ങളിലും എല്ലാ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്കുംതന്നെ ഓഫീസുകളുണ്ട്.

3. ഡീമാറ്റ് അക്കൗണ്ട് വഴി
ഏറ്റവും സൗകര്യപ്രദമായ നിക്ഷേപ രീതികളിലൊന്നാണിത്. നിക്ഷേപകന് ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ എല്ലാ മ്യൂച്വല്‍ ഫണ്ട് കമ്പനികളുടേയും പദ്ധതികള്‍ പരിശോധിക്കുവാനും ഇഷ്ടമുള്ളതില്‍ നിക്ഷേപം നടത്തുവാനും സാധിക്കും. ഇതിന് കമ്പ്യൂട്ടര്‍ മൗസില്‍ ഏതാനും ക്ലിക്കുകള്‍ മതിയാകും. ഇവിടെയും നിക്ഷേപകന്‍ കമ്മീഷന്‍ നല്‍കണം.
രാജ്യത്തെ പ്രമുഖ ഷെയര്‍ ബ്രോക്കിങ് കമ്പനികള്‍ വഴി ഇത്തരത്തില്‍ ഡീമാറ്റ് അക്കൗണ്ട് തുറന്ന് മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ നിക്ഷേപം നടത്താം. പല ബാങ്കുകളും ഈ സൗകര്യമൊരുക്കിയിട്ടുണ്ട്. ബ്രോക്കറേജ് ഓരോ കമ്പനികള്‍ക്കും വ്യത്യസ്തമായിരിക്കും. ജിയോജിത് ബി.എന്‍.പി പാരിബ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്ത്യന്‍ ബുള്‍സ്, മോത്തിലാല്‍ ഓസ്വാള്‍, 5 പൈസ, ഷേര്‍ഖാന്‍ ഐ.സി.ഐ.സി.ഐ ഡയറക്ട്, കൊട്ടക് സ്ട്രീറ്റ്, ജെ.ആര്‍.ജി സെക്യൂരിറ്റീസ് തുടങ്ങി നിരവധി കമ്പനികള്‍ ഇത്തരം സേവനം ഓണ്‍ലൈനായും നല്‍കി വരുന്നു.

ഈ രീതിയുടെ ഏറ്റവും ഗുണമെന്നത് ഡീമാറ്റ് അക്കൗണ്ട് വഴി മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യാം എന്നതാണ്. ഒരു സ്ഥലത്തുനിന്ന് മ്യൂച്വല്‍ ഫണ്ട് വ്യപാരത്തിനു പുറമേ ഓഹരി, കമോഡിറ്റി തുടങ്ങി എല്ലാ വ്യപാരങ്ങളും നടത്താന്‍ സാധിക്കും. ഇലക്‌ട്രോണിക് ആയതിനാല്‍ വില്‍ക്കാനും വാങ്ങുവാനും എളുപ്പമാണ് താനും.

4. വെബ് പോര്‍ട്ടലുകള്‍ വഴി
മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ വാങ്ങുവാനും വില്‍ക്കുവാനും സഹായിക്കുന്ന വെബ് പോര്‍ട്ടലുകളും ഇപ്പോള്‍ ലഭ്യമാണ്. ഇതിനായി അവരുടെ പക്കല്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്താല്‍ മാത്രം മതി. ചാര്‍ജും നല്‍കേണ്ടതില്ല. അവര്‍ക്കുളള ചാര്‍ജുകള്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ നല്‍കിക്കൊളളും. ഫണ്ട്‌സ് ഇന്ത്യ, ഫണ്ട്‌സ് സൂപ്പര്‍മാര്‍ട്ട് തുടങ്ങിയവ ഇത്തരത്തിലുളള വെബ് പോര്‍ട്ടലുകളാണ്.

5. മറ്റ് വഴികള്‍
കമ്പ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ് (കാംസ്) , കാര്‍വി തുടങ്ങിയ കമ്പനികള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗലോഡ് ചെയ്ത് പൂരിപ്പിച്ച് പാന്‍കാര്‍ഡ് കോപ്പി, ചെക്ക് തുടങ്ങിയവ സഹിതം ഇത്തരം കമ്പനികളുടെ ഓഫീസുകളില്‍ നല്‍കിയാല്‍ മതി. കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ കാംസിനും കാര്‍വിക്കും ഓഫീസുകളുണ്ട്.