നിക്ഷേപിക്കാം ഇ-ഉത്പന്നങ്ങളില്‍
Posted on: 08 Jan 2011
ആര്‍.റോഷന്‍
കാലം മാറി.... അതിനനുസരിച്ച് പുതിയ നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ രംഗപ്രവേശം ചെയ്യുകയാണ്. ഇലക്ട്രോണിക് യുഗത്തിലെ നിക്ഷേപമാവുമ്പോള്‍ അത് ഇലക്ട്രോണിക് രൂപത്തില്‍ തന്നെയാവണ്ടേ...?
അതേ, ഇ-നിക്ഷേപം വന്നെത്തിക്കഴിഞ്ഞു. ഉത്പന്ന തയ്യാര്‍ വ്യാപാര എക്‌സ്‌ചേഞ്ചായ നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് (എന്‍എസ്ഇഎല്‍) ആണ് ഇലക്ട്രോണിക് രൂപത്തിലുള്ള നിക്ഷേപങ്ങള്‍ സാധ്യമാക്കിയിരിക്കുന്നത്.
ഇ-സീരീസ് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ നിക്ഷേപ മാര്‍ഗ്ഗം ഉപയോഗിച്ച് സ്വര്‍ണത്തിലും വെള്ളിയിലുമൊക്കെ നിക്ഷേപിക്കാം. മറ്റൊരു ലോഹമായ ചെമ്പിലും (കോപ്പര്‍) എന്‍എസ്ഇഎല്‍ ഇ-സീരീസ് അവതരിപ്പിച്ചിട്ടുണ്ട്.
ചെറുനിക്ഷേപങ്ങള്‍ വരെ നടത്താം എന്നതാണ് ഇ-സീരീസിന്റെ പ്രത്യേകത. എപ്പോള്‍ വേണമെങ്കിലും വിറ്റു പണമാക്കാം. അതിനാല്‍ ലിക്വിഡിറ്റി വളരെ കൂടുതലാണ്. സുരക്ഷയാണ് മറ്റൊരു പ്രധാന മേന്മ. സ്വര്‍ണാഭരണങ്ങളോ നാണയങ്ങളോ കൈയ്യില്‍ വാങ്ങി സൂക്ഷിക്കുകയാണെങ്കില്‍ അത് മോഷണം പോകാനോ കണഞ്ഞുപോകാനോ ഉള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇ-സീരീസില്‍ നിക്ഷേപം നടത്തുമ്പോള്‍ ഇലക്ട്രോണിക് (ഡീമാറ്റ്) രൂപത്തിലാണ് നിക്ഷേപമെന്നതിനാല്‍ സ്വര്‍ണവും വെള്ളിയും ചെമ്പുമൊന്നും കൈയ്യില്‍ കൊണ്ടുനടക്കേണ്ടതില്ല. അതിനാല്‍ നഷ്ടപ്പെടുമെന്ന പേടി വേണ്ട. ഡീമാറ്റ് രൂപത്തില്‍ തന്നെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ആവശ്യമുണ്ടെങ്കില്‍ ഫിസിക്കല്‍ ഡെലിവറിയുമെടുക്കാം.
വിപണിയിലെ വില വ്യതിയാനങ്ങളുടെ ഗുണഫലം കിട്ടുകയും ചെയ്യും. ഇന്ത്യയില്‍ എവിടെയും ഒരേ വില തന്നെ. എവിടെയിരുന്നും വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. പ്രതിദിന കോണ്‍ട്രാക്ടിലാണ് വ്യാപാരം നടക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ (അവധി ദിവസങ്ങള്‍ ഒഴികെ) രാവിലെ 10 മുതല്‍ രാത്രി 11.30 വരെയാണ് ഇടപാട്.
ടി പ്ലസ് 2 സംവിധാനത്തിലാണ് സെറ്റില്‍മെന്റ്. അതായത് കൈവശമുള്ള ഇ-സീരീസ് വിറ്റ് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ നമ്മുടെ അക്കൗണ്ടില്‍ പണമെത്തും. വാങ്ങുന്നവരാണെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ പണം നല്‍കേണ്ടതുണ്ട്.
ആയിരം രൂപയില്‍ താഴെയുള്ള തുകയ്ക്ക് വരെ നിക്ഷേപം നടത്താമെന്നതാണ് ഇ-സീരീസിന്റെ പ്രത്യേകത. ഇ-കോപ്പറിന്റെ ഒരു ലോട്ടിന് 600 രൂപയില്‍ താഴെ മാത്രമാണ് വില. ഏതൊരു ചെറിയ നിക്ഷേപകനും ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താം.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് മാര്‍ഗ്ഗത്തിലും വേണമെങ്കില്‍ നിക്ഷേപം നടത്താം. അതായത് ഓരോരുത്തരുടെയും വരുമാനവും താത്പര്യവും അനുസരിച്ച് ഓരോ മാസവും ഒന്നോ രണ്ടോ ഗ്രാം ഇ-ഗോള്‍ഡ് വാങ്ങി വയ്ക്കാം. ഭാവിയിലേക്കുള്ള ആവശ്യം മുന്‍നിര്‍ത്തി ഇത് വാങ്ങാം. ആവശ്യം വരുമ്പോള്‍ ഒരുമിച്ച് വിറ്റ് കാശാക്കാം.
നിക്ഷേപം തുടങ്ങാന്‍
എന്‍എസ്ഇഎല്ലില്‍ അംഗത്വമെടുത്തിട്ടുള്ള ഏത് സ്റ്റോക്ക് ബ്രോക്കിങ്, കമോഡിറ്റി ബ്രോക്കിങ് സ്ഥാപനങ്ങളില്‍ നിന്നും ഇ-സീരീസിന്റെ ഇടപാട് നടത്താം. ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും തുടങ്ങി അവിടെ ക്ലയന്റായി ചേരണമെന്ന് മാത്രം.
കേരളം ആസ്ഥാനമായുള്ള കമ്പനികളില്‍ ഇ-സീരീസ് ഇടപാടിനായി എന്‍എസ്ഇഎല്ലില്‍ നിന്ന് അംഗത്വമെടുത്തിരിക്കുന്നവര്‍ ഇവയാണ്:
ജിയോജിത് കോംട്രേഡ്
ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ്
അക്യുമെന്‍
വെര്‍ട്ടെക്‌സ്
ഇവയുടെ ശാഖകളില്‍ ക്ലയന്റായി ചേര്‍ന്ന് ഇ-സീരീസില്‍ നിക്ഷേപം നടത്താവുന്നതാണ്.
ദേശീയ തലത്തില്‍ അമ്പതോളം സ്‌റ്റോക്ക് ബ്രോക്കിങ് / കമോഡിറ്റ് ബ്രോക്കിങ് സ്ഥാപനങ്ങള്‍ എന്‍എസ്ഇഎല്ലില്‍ അംഗങ്ങളാണ്.
മുംബൈ ആസ്ഥാനമായുള്ള നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ചി (എന്‍എസ്ഇഎല്‍)ന്റെ കേരളത്തിലെ ഓഫീസ് കൊച്ചിയിലാണ്. ഫോണ്‍: 0484-6576799
ഇ-ഗോള്‍ഡ്
സ്വര്‍ണത്തില്‍ ഡീമാറ്റ് രൂപത്തില്‍ നിക്ഷേപം നടത്താന്‍ അവസരമൊരുക്കുന്ന ഉത്പന്നമാണ് ഇ-ഗോള്‍ഡ്. ഇക്കഴിഞ്ഞ മാര്‍ച്ച് 17നാണ് എന്‍എസ്ഇഎല്‍ ഇത് അവതരിപ്പിച്ചത്. 995 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വര്‍ണമാണ് ഒരു യൂണിറ്റ്. പരമാവധി 10,000 യൂണിറ്റുകളുടെ വരെ ഇടപാട് നടത്താം. അഞ്ച് ശതമാനമാണ് മാര്‍ജിന്‍.
8, 10, 100 ഗ്രാം, അല്ലെങ്കില്‍ ഒരു കിലോ ആയി ഡെലിവറി എടുക്കാം. ഡെലിവറി ലഭിക്കുന്നത് 999 പരിശുദ്ധിയിലുള്ള തനിതങ്കമാണ്. അതിനാല്‍ നാമമാത്രമായ തുക പ്രീമിയം നല്‍കണം. കഴിഞ്ഞയാഴ്ചയിലെ വിലയനുസരിച്ച് 10 ഗ്രാമിന് 8.31 രൂപ മാത്രമാണ് സ്വര്‍ണം ഡെലിവറിയെടുക്കുമ്പോള്‍ (999ന്റെ പ്രീമിയം ഇനത്തില്‍) അധികം നല്‍കേണ്ടത്.
സ്വര്‍ണവില നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇ-ഗോള്‍ഡ് നല്ലൊരു നിക്ഷേപമാര്‍ഗ്ഗമാണ്. സ്വര്‍ണം ആഭരണമായോ നാണമായോ നേരിട്ട് വാങ്ങി വച്ച ശേഷം വില്‍ക്കുമ്പോള്‍, പണിക്കുറവും തേയ്മാനവുമൊക്കെ കഴിഞ്ഞ് പലപ്പോഴും വിപണി വില കിട്ടില്ല. എന്നാല്‍ ഇ-ഗോള്‍ഡിലെ നിക്ഷേപം സ്വര്‍ണത്തിലെ മൂല്യവര്‍ധന പൂര്‍ണമായും പ്രയോജനപ്രദമാക്കാന്‍ സഹായിക്കുന്നതാണ്.
ഇ-സില്‍വര്‍
സ്വര്‍ണവില പോലെ തന്നെ വെള്ളി വിലയും കുതിച്ചുയരുകയാണ്. ഇത് പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്ന നിക്ഷേപ മാര്‍ഗ്ഗമാണ് ഇ-സില്‍വര്‍. 999 പരിശുദ്ധിയുള്ള വെള്ളിയാണ് ഇ-സില്‍വറില്‍ വ്യാപാരം നടത്തുന്നത്. 100 ഗ്രാമാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി. തുടര്‍ന്ന് 100 ഗ്രാമിന്റെ ഗുണിതങ്ങളാവാം. പരമാവധി 50,000 യൂണിറ്റുകള്‍. 100 ഗ്രാം, ഒരു കിലോ, അഞ്ച് കിലോ എന്നിങ്ങനെ ഡെലിവറിയുമെടുക്കാം.
ഇ-കോപ്പര്‍
മഞ്ഞലോഹമായ സ്വര്‍ണത്തെപ്പോലെ നിക്ഷേപത്തിന് പറ്റിയ മറ്റൊരു ലോഹമാണ് ചെമ്പ്. ഒരു കിലോഗ്രാമാണ് കുറഞ്ഞ നിക്ഷേപ പരിധി. പരമാവധി 50,000 യൂണിറ്റുകള്‍ വാങ്ങാം. ഡീമാറ്റ് രൂപത്തില്‍ തന്നെയാണ് ഇതിന്റെയും ഇടപാട്. ഡീമാറ്റ് രൂപത്തില്‍ തന്നെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ആവശ്യമുണ്ടെങ്കില്‍ ഡെലിവറിയുമെടുക്കാം.
കൂടുതല്‍ ഉത്പന്നങ്ങള്‍
ഇ-സീരീസില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനിരിക്കുകയാണ് എന്‍എസ്ഇഎല്‍. കൂടുതല്‍ ലോഹങ്ങളും കുരുമുളക് ഉള്‍പ്പെടെയുള്ള ഏതാനും കാര്‍ഷിക ഉത്പന്നങ്ങളും അവതരിപ്പിക്കാനാണ് പരിപാടി.